മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ ?
അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിണ്റ്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, പിശാച് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യണ്റ്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിണ്റ്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്‍മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ. ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സിലൂടെ അറിവ് ലഭിക്കുന്ന അനുഗൃഹീതരായ പ്രവാചകന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കുരുടന്‍മാര്‍ ചോദ്യം ചെയ്യുന്നതുപോലെയാണ്. ഇലയുടെ നിറം പച്ചയും കാക്കയുടെ നിറം കറുപ്പും പാലിണ്റ്റെ വര്‍ണം വെളുപ്പുമാണെന്ന് നാം പറയുമ്പോള്‍ തങ്ങളത് കണ്ടറിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ അന്ധന്‍മാര്‍ അതംഗീകരിക്കുന്നില്ലെങ്കില്‍ വര്‍ണപ്രപഞ്ചം അവര്‍ക്ക് തീര്‍ത്തും അന്യവും അപ്രാപ്യവുമായിരിക്കും. അതുപോലെ തന്നെയാണ് ദിവ്യസന്ദേശങ്ങളെ അംഗീകരിക്കാത്തവരുടെയും അവസ്ഥ. അഭൌതിക ജ്ഞാനം അവര്‍ക്ക് അന്യവും എന്നും അജ്ഞാതവുമായിരിക്കും.
മരണശേഷമുള്ള മറുലോകത്തെ കുറിച്ചും അവിടത്തെ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ചും മനുഷ്യരാശിക്ക് അറിവു നല്‍കിയത് ചരിത്രത്തിണ്റ്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ നാടുകളില്‍ നിയോഗിതരായ ദൈവദൂതന്‍മാരാണ്. അവര്‍ എല്ലാവരും അതിണ്റ്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഭൌതിക പ്രപഞ്ചത്തിണ്റ്റെ ഘടനയും അതിലെ മനുഷ്യണ്റ്റെ അവസ്ഥയും അത്തരമൊരു ലോകത്തിണ്റ്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
നീതി നടക്കണമെന്നാഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ പോലും നീതിക്കുവേണ്ടി വാദിക്കുന്നു. തങ്ങള്‍ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ആശ്രിതര്‍ കൊലയാളിയെ ശിക്ഷിക്കണമെന്ന് കൊതിക്കുന്നു. നീതിപുലരാനുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹമാണല്ലോ ലോകത്ത് നിയമവും നീതിന്യായ വ്യവസ്ഥയും കോടതികളും നിയമപാലകരുമെല്ലാമുണ്ടാകാന്‍ കാരണം. നീതി നടക്കണമെന്ന് പറയാത്ത ആരുമുണ്ടാവില്ലെന്നര്‍ഥം. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ നീതി പുലരുന്ന നാടും സമൂഹവുമില്ല. ആരെത്ര വിചാരിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യവുമല്ല. ഒരാളെ കൊന്നാല്‍ പരമാവധി സാധിക്കുക കൊലയാളിയെ കൊല്ലാനാണ്. എന്നാല്‍ അതുകൊണ്ട് വധിക്കപ്പെട്ടവണ്റ്റെ, നിത്യവൈധവ്യത്തിണ്റ്റെ നിതാന്ത വേദന അനുഭവിക്കുന്ന വിധവയ്ക്ക് ഭര്‍ത്താവിനെയോ അനാഥത്വത്തിണ്റ്റെ പ്രയാസം പേറുന്ന മക്കള്‍ക്ക് പിതാവിനെയോ ലഭിക്കുകയില്ല. ഘാതകനെ വധിക്കുന്നതുപോലും കൊലയ്ക്കുള്ള യഥാര്‍ഥ പരിഹാരമോ പ്രതിവിധിയോ അല്ലെന്നര്‍ഥം. അത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമത്രെ.
ഇതുതന്നെ കൊലയാളി ശിക്ഷിക്കപ്പെട്ടാലാണ്. എന്നാല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ എന്താണ്? എന്നും എങ്ങും കൊലയാളികള്‍ സ്വൈരവിഹാരം നടത്തുന്നു. കൊള്ളക്കാര്‍ രംഗം കൈയടക്കുന്നു. ചൂഷകന്‍മാര്‍ മാന്യത ചമയുന്നു. അഴിമതിക്കാര്‍ സസുഖം വാഴുന്നു. അക്രമികള്‍ ആധിപത്യം നടത്തുന്നു. വഞ്ചകന്‍മാര്‍ വിഘ്നമൊട്ടുമില്ലാതെ നാട്ടിലെങ്ങും വിഹരിക്കുന്നു. നീതി നടത്തേണ്ട ന്യായാധിപന്‍മാര്‍ അനീതിക്ക് കൂട്ടുനില്‍ക്കുന്നു. പണത്തിനും പദവിക്കുമായി പരാക്രമികളുടെ പക്ഷം ചേരുന്നു. ഭരണാധികാരികള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു. പൊതുജനങ്ങളെവിടെയും പീഡിപ്പിക്കപ്പെടുന്നു. അടിക്കടി അനീതിക്കും അക്രമത്തിനും അടിപ്പെടുന്നു. നീതിക്കായുള്ള അവരുടെ അര്‍ഥനകളൊക്കെയും വ്യര്‍ഥമാവുന്നു. അതിനാല്‍ നീതി പലപ്പോഴും മരീചിക പോലെ അപ്രാപ്യമത്രെ. മഹാഭൂരിപക്ഷത്തിനും തീര്‍ത്തും അന്യവും.
നന്‍മ നടത്തുന്നവര്‍ ഇവിടെ കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കിരയാവുന്നു. ആരെയും അല്‍പവും അലോസരപ്പെടുത്താത്തവര്‍ അക്രമിക്കപ്പെടുന്നു. നിസ്വാര്‍ഥരായി നിലകൊള്ളുന്നവര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നു. എന്നാല്‍ വിദ്രോഹവൃത്തികളില്‍ വ്യാപൃതരാവുന്നവരോ, വിപത്തേതുമേല്‍ക്കാതെ സസുഖം വാഴുന്നു.
ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, പത്തും നൂറും ആയിരവും പതിനായിരവും പേരെ വധിച്ചവരെ ശിക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ നിഷ്കൃഷ്ടമായ നീതി നടത്താന്‍ ആര്‍ക്കുമിവിടെ സാധ്യമല്ല. കൊല്ലപ്പെടുന്ന നിരപരാധരും അവരുടെ ആശ്രിതരുമനുഭവിക്കുന്ന പ്രയാസങ്ങള്‍ അപാരമത്രെ. അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഏവരും അശക്തരും. അതുകൊണ്ടുതന്നെ മരണത്തോടെ മനുഷ്യജീവിതം ഒടുങ്ങുമെങ്കില്‍ ലോകഘടന തീര്‍ത്തും അനീതിപരമാണ്. അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമാണ്; വ്യവസ്ഥാപിതമായ പ്രപഞ്ചഘടനയോട് തീരെ പൊരുത്തപ്പെടാത്തതും. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖവും കൈവിരലും ഗന്ധവും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളുമെല്ലാം നല്‍കപ്പെട്ട് വ്യവസ്ഥാപിതമായും ആസൂത്രിതമായും യുക്തിനിഷ്ഠമായും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്ത്യം അപ്പാടെ അനീതിപരമാവുക അസംഭവ്യമത്രെ. അതിനാല്‍ യഥാര്‍ഥവും പൂര്‍ണവുമായ നീതി പുലരുക തന്നെ വേണം. ഭൂമിയിലത് അസംഭവ്യമായതിനാല്‍ പരലോകം അനിവാര്യമാണ്. എല്ലാവരും തങ്ങളുടെ കര്‍മഫലം അവിടെവെച്ച് അനുഭവിക്കും-നന്‍മ ചെയ്തവന് രക്ഷയും തിന്‍മ ചെയ്തവന് ശിക്ഷയും.
മരണശേഷം നീതി പുലരുന്ന മറുലോകമില്ലെങ്കില്‍ നീതിബോധമുള്ളവര്‍ നിത്യനിരാശരായിരിക്കും. സദാ അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. അതോടൊപ്പം എല്ലാ മനുഷ്യരും പ്രകൃത്യാ നീതി കൊതിക്കുന്നു. അതിനാല്‍ അത് പുലരുന്ന ഒരു പരലോകം നീതിയുടെ തേട്ടമത്രെ; മാനവ മനസ്സിണ്റ്റെ മോഹസാക്ഷാല്‍ക്കാരവും. വളരെ വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട മനുഷ്യണ്റ്റെ ജീവിതം നീതിരഹിതമായി മരണത്തോടെ ഒടുങ്ങുമെന്ന് ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തിനിഷ്ഠവും ബുദ്ധിപൂര്‍വകവുമാണ് നീതി പുലരുന്ന പരലോകത്തെ സംബന്ധിച്ച വിശ്വാസം.
മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെല്ലാം അവനില്‍ കൃത്യമായും കണിശമായും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ സമര്‍ഥനായ ഡോക്ടര്‍ക്ക് ശസ്ത്രക്രിയയിലൂടെ അവ കണെ്ടത്താനാവില്ല. അതിവിദഗ്ധമായ ഉപകരണങ്ങള്‍ക്കുപോലും അവ പകര്‍ത്തുക സാധ്യമല്ല. അതോടൊപ്പം അവയൊക്കെ മനുഷ്യന് ഓര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു. അപ്രകാരം തന്നെ നാം തൊടുന്നേടത്തെല്ലാം നമ്മുടെ വിരലടയാളങ്ങള്‍ പതിയുന്നു. സഞ്ചരിക്കുന്നേടത്തൊക്കെ നമ്മുടെ ശരീരത്തിണ്റ്റെ ഗന്ധം വ്യാപരിക്കുന്നു. പറയുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ വാക്കുകളും പ്രവൃത്തികളും ചലനങ്ങളും വിചാരവികാരങ്ങളുമെല്ലാം നമുക്കനുകൂലമോ പ്രതികൂലമോ ആയി സാക്ഷ്യം വഹിക്കാന്‍ സാധിക്കുമാറ് രേഖപ്പെടുത്തപ്പെടുന്നു. നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയും ഇറ്റിവീഴുന്ന രക്തവും സ്രവിക്കുന്ന ഇന്ദ്രിയത്തുള്ളിയുമൊക്കെ നമുക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യമായിത്തീരുന്നു.
സര്‍വോപരി, ഇല്ലായ്മയില്‍നിന്ന് പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെ അതിലുള്ള സര്‍വതിനെയും വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൃത്യമായും കണിശമായും സൃഷ്ടിച്ച ദൈവത്തിന് മനുഷ്യണ്റ്റെ പുനഃസൃഷ്ടി ഒട്ടും പ്രയാസകരമോ അസാധ്യമോ അല്ല. അതുകൊണ്ടു തന്നെ മരണശേഷം മറുലോകത്ത് മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും ഭൂമിയിലെ കര്‍മങ്ങളുടെ ഫലം അവിടെവച്ച് അനുഭവിക്കേണ്ടി വരുമെന്നും ദൈവം തണ്റ്റെ ദൂതന്‍മാരിലൂടെ അറിയിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്യും. അതൊട്ടും അവിശ്വസനീയമോ അയുക്തികമോ അല്ല. മറിച്ച്, അത്യദ്ഭുതകരമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യണ്റ്റെ ജീവിതം അനീതിക്കിരയായി, അര്‍ഥരഹിതമായി എന്നെന്നേക്കുമായി അവസാനിക്കുമെന്ന് പറയുന്നതാണ് അയുക്തികവും അവിശ്വസനീയവും!
ഒരു കാര്യവും കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു. നാം ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുന്നതാണ് യഥാര്‍ഥ വസ്തുതയെന്ന് ധരിക്കുന്നത് ശരിയല്ല. ഉപകരണമേതുമില്ലാതെ നിഴലിനെ നോക്കുമ്പോള്‍ അത് തീര്‍ത്തും നിശ്ചലമാണെന്നാണ് നമുക്കു തോന്നുക. എന്നാല്‍ നിഴലിന് സദാ നേരിയ ചലനമുണ്ടല്ലോ. മരീചിക വെള്ളമാണെന്ന് കരുതാറുണ്ട്. അടുത്തെത്തുമ്പോഴാണ് സത്യം ബോധ്യമാവുക. നിദ്രാ വേളയിലെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ് നമുക്ക് അപ്പോള്‍ തോന്നുക. ഉണരുന്നതോടെ മറിച്ച് അനുഭവപ്പെടുന്നു. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നമുക്ക് മനസ്സിലാക്കാനാവാത്ത പലതും ദിവ്യബോധനമാകുന്ന അറിവിണ്റ്റെ ആറാം സ്രോതസ്സ് തുറന്നുകിട്ടുന്ന ദൈവദൂതന്‍മാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. സ്വപ്നം കാണുന്നവന്‍ അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറമാണ് വസ്തുതയെന്ന്, ഉണര്‍ന്നിരിക്കുന്നവന്‍ അറിയുന്ന പോലെ ഇന്ദ്രിയ ബന്ധിതനായ മനുഷ്യന്‍ കാണുന്നതിനപ്പുറമാണ് സത്യമെന്ന് ദൈവദൂതന്‍മാരറിയുന്നു. അവരത് സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. അഭൌതികജ്ഞാനത്തിണ്റ്റെ പിഴക്കാത്ത ഏകാവലംബം അതു മാത്രമത്രെ.
2 comments:
മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ ?
അല്ലാഹു നിങ്ങള്ക്ക് നന്മ വരുത്തട്ടെ!
കാര്യങ്ങള്‍ വ്യക്തമാക്കിയതിനു നന്ദി!
Post a Comment