Tuesday, December 23, 2008

ഇസ് ലാം അടിമത്തം എന്ത് കൊണ്ട് നിരോധിച്ചില്ല ?

മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന്‌ ഇസ്ലാം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍വിവേചനം അരുതെന്ന്‌ അത്‌ അനുശാസിക്കുന്നു. "മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്‌. പിന്നെ, നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കി. നിങ്ങള്‍ പരസ്പരം പരിചയപ്പെടേണ്ടതിന്‌" (ഖുര്‍ആന്‍ 49: 13).

പ്രവാചകന്‍ പറയുന്നു: "നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്‌. നിങ്ങളുടെയെല്ലാം പിതാവും ഒരാള്‍ തന്നെ. എല്ലാവരും ആദമില്‍നിന്നുള്ളവരാണ്‌. ആദമോ മണ്ണില്‍നിന്നും. അതിനാല്‍അറബിക്ക്‌ അനറബിയെക്കാളോ വെളുത്തവന്‌ കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ" (മുസ്ലിം, അബൂദാവൂദ്‌).

നിയമത്തിന്റെ മുമ്പില്‍സര്‍വരും സമന്‍മാരാണെന്ന്‌ ഇസ്ലാം സിദ്ധാന്തിക്കുന്നു. പൗരാവകാശങ്ങളുടെ കാര്യത്തില്‍സര്‍വരും തുല്യരാണ്‌. പണത്തിന്റെയും പദവിയുടെയും പേരിലുള്ള പ്രത്യേകാവകാശങ്ങള്‍ അതാര്‍ക്കും അനുവദിച്ചുകൊടുക്കുന്നില്ല. തദടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ തീര്‍ത്തും നിരാകരിക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയായിരുന്നിട്ടും ഇസ്ലാം എന്തുകൊണ്ട്‌ അടിമത്തം നിരോധിച്ചില്ല എന്ന പ്രശ്നം വിശദമായ വിശകലനമര്‍ഹിക്കുന്നു. 1. മുഹമ്മദ്‌ നബിയുടെ നിയോഗകാലത്ത്‌ ലോകമെങ്ങും ക്രൂരമായ അടിമത്തമാണ്‌ നിലനിന്നിരുന്നത്‌. പുരാതനറോമില്‍അടിമ ആടുമാടുകളെപ്പോലെ കച്ചവടം ചെയ്യപ്പെടുന്ന വില്‍പ്പനച്ചരക്ക്‌ മാത്രമായിരുന്നു. ഓടിപ്പോകാതിരിക്കാനായി കാലുകളിലണിയിക്കപ്പെട്ട ചങ്ങലകളുമായാണ്‌ അവര്‍ ഭാരിച്ച ജോലികള്‍പോലും ചെയ്തിരുന്നത്‌. കാലിത്തൊഴുത്തുകള്‍ക്ക്‌ സമാനമായ സ്ഥലങ്ങളായിരുന്നു അവരുടെ വാസസ്ഥലം. ഭക്ഷണമല്ലാതെ മറ്റൊന്നിനും അവര്‍ക്കവകാശമുണ്ടായിരുന്നില്ല. അതും യജമാനന്റെ എച്ചിലുകളായിരുന്നു. ചാട്ടവാറടികള്‍ക്ക്‌ മുതുക്‌ കാണിച്ചുകൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ അടിമകള്‍. കാളകള്‍ക്കിടയിലെന്നപോലെ അടിമകള്‍ക്കിടയിലും പോര്‌ സംഘടിപ്പിക്കുക സാധാരണമായിരുന്നു. അങ്ങനെ അവര്‍ പരസ്പരം തല്ലിച്ചാകുന്നത്‌ കണ്ട്‌ ഉല്ലസിക്കല്‍യജമാനന്‍മാരുടെ മുഖ്യ വിനോദമായിരുന്നു.

ഇന്ത്യയിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഇന്ത്യയില്‍ജാതിവ്യവസ്ഥയുടെ പേരിലാണ്‌ അടിമത്തം നിലനിന്നിരുന്നത്‌. അതിനാലത്‌ ദൈവനിശ്ചയമായാണ്‌ ഗണിക്കപ്പെട്ടിരുന്നത്‌. അമേരിക്കയിലും ആഫ്രിക്കയിലും അടുത്ത കാലം വരെയും ക്രൂരമായ അടിമത്തവും വര്‍ണവിവേചനവും നിലനിന്നിരുന്നു. ഇതര പാശ്ചാത്യനാടുകളുടെ സ്ഥിതിയും അതുതന്നെ. ഇത്തരമൊരവസ്ഥയിലാണ്‌ ഇസ്ലാം ഇക്കാര്യത്തില്‍സമൂലമായ മാറ്റം വരുത്തിയത്‌. ആദ്യമായി അതു ചെയ്തത്‌ അടിമകളോടുള്ള സമീപനത്തില്‍സമഗ്രമായ പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നു. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരാണെന്ന്‌ പ്രഖ്യാപിച്ചു. ആ ബോധം എല്ലാവരിലും വളര്‍ത്തുകയും ചെയ്തു. അല്ലാഹു ആജ്ഞാപിച്ചു: "മാതാപിതാക്കളോട്‌ നല്ലനിലയില്‍വര്‍ത്തിക്കുക. ബന്ധുക്കളോടും അനാഥകളോടും അഗതികളോടും ബന്ധുവായ അയല്‍ക്കാരോടും അകന്ന അയല്‍ക്കാരോടും സഹവാസികളോടും യാത്രക്കാരനോടും നിങ്ങളുടെ അധീനതയിലുള്ള അടിമകളോടും നന്‍മയില്‍വര്‍ത്തിക്കുക. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല" (4: 36). നബിതിരുമേനി അരുള്‍ ചെയ്യുന്നു: "നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന്‌ താന്‍ ഭക്ഷിക്കുന്നതുപോലുള്ള ആഹാരവും ധരിക്കുന്നതുപോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്‌. അവര്‍ക്ക്‌ അസാധ്യമായ കാര്യം അവരെ ഏല്‍പിക്കരുത്‌, അഥവാ, പ്രയാസകരമായ വല്ല ജോലികളും അവരെ ഏല്‍പിക്കുകയാണെങ്കില്‍നിങ്ങളും അവരെ സഹായിക്കുക" (ബുഖാരി).
'ഇത്‌ എന്റെ അടിമ, ഇത്‌ എന്റെ അടിമസ്ത്രീ' എന്നിങ്ങനെ പറയാന്‍ പാടില്ലെന്ന്‌ പഠിപ്പിച്ച പ്രവാചകന്‍ 'അവരെ നിങ്ങളുടെ കീഴില്‍വരാന്‍ ഇടയാക്കിയ അല്ലാഹു നിങ്ങളെ അവരുടെ കീഴില്‍കൊണ്ടുവരാനും കഴിവുറ്റവനാണെ'ന്ന്‌ സമൂഹത്തെ ഉണര്‍ത്തി.


നബി പറഞ്ഞു: "വല്ലവനും തന്റെ അടിമയെ വധിക്കുന്ന പക്ഷം അവനെ നാമും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗഛേദം ചെയ്താല്‍നാം അവനെയും അംഗഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍നാമവനെയും ഷണ്ഡീകരിക്കും" (ബുഖാരി, മുസ്ലിം). മാന്യമായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഉറപ്പുവരുത്തിയ ഇസ്ലാം ഇതുവഴി അടിമകളുടെ സുരക്ഷിതത്വവും ഭദ്രമാക്കി. മറ്റു സ്ത്രീകളെപ്പോലെ വിവാഹവേളയില്‍അടിമസ്ത്രീകള്‍ക്കും വിവാഹമൂല്യം നിശ്ചയിച്ചു. ഖുര്‍ആന്‍ പറയുന്നു: "നിങ്ങളിലാര്‍ക്കെങ്കിലും സ്വതന്ത്രകളായ സത്യവിശ്വാസിനികളെ വിവാഹം ചെയ്യാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍നിങ്ങളുടെ അധീനതയിലുള്ള സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്‌. നിങ്ങള്‍ പരസ്പരം ബന്ധുക്കളാണ്‌. അതിനാല്‍അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം കഴിച്ചുകൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദയോടെ നല്‍കുകയും ചെയ്യുക" (4: 26). പ്രവാചകന്‍(സ) പറയുന്നു: "നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ നേതാവായി വരുന്നത്‌ ഉണങ്ങിയ മുന്തിരിപോലുള്ള ശിരസ്സോടുകൂടിയ നീഗ്രോ അടിമയായിരുന്നാലും ശരി."


ഖലീഫാ ഉമറുല്‍ഫാറൂഖ്‌ ആസന്ന മരണനായിരിക്കെ ഭാവി ഭരണാധികാരിയെ സംബന്ധിച്ച ചര്‍ച്ചക്കിടയില്‍തന്റെ വികാരം പ്രകടിപ്പിച്ചതിങ്ങനെയാണ്‌: "അബൂഹുദൈഫഃ മോചിപ്പിച്ച അടിമയായിരുന്ന സാലിം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍അദ്ദേഹത്തെ ഭരണാധികാരിയായി ഞാന്‍ നിശ്ചയിക്കുമായിരുന്നു."
അബൂബക്ര് സ്വിദ്ദീഖ്‌, ഉമറുല്‍ഫാറൂഖ്‌ പോലുള്ള വളരെ പ്രമുഖരായ അനുചരന്‍മാരുള്‍പ്പെടുന്ന സംഘത്തിന്റെ സര്‍വ സൈന്യാധിപനായി വിമോചിത അടിമയായ സൈദിന്റെ മകന്‍ ഉസാമയെ നിശ്ചയിച്ച നബി സൈദിന്‌ തന്റെ പിതൃസഹോദരീ പുത്രി സൈനബിനെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ സന്നദ്ധനായി.


അറബികളായ സ്വതന്ത്രന്‍മാര്‍ക്കും അടിമകള്‍ക്കുമിടയില്‍സാഹോദര്യം സ്ഥാപിക്കുക പ്രവാചകന്റെ പതിവില്‍പെട്ടതായിരുന്നു. നീഗ്രോ അടിമയായിരുന്ന ബിലാലും ഖശ്‌അമീഗോത്രക്കാരനായ ഖാലിദുബ്നു റുവൈഹയും തമ്മിലും അടിമയായിരുന്ന സൈദും സ്വന്തം പിതൃവ്യനായ ഹംസയും തമ്മിലും അടിമയായിരുന്ന ഖാരിജബ്നു സൈദും പില്‍ക്കാലത്ത്‌ പ്രഥമ ഖലീഫയായിത്തീര്‍ന്ന അബൂബക്ര് സ്വിദ്ദീഖും തമ്മിലും നബിതിരുമേനി സാഹോദര്യം സ്ഥാപിക്കുകയുണ്ടായി. അടിമകളെ അവഗണിക്കാനോ പ്രയാസപ്പെടുത്താനോ ഇസ്ലാം അനുവദിച്ചില്ല. ഒരിക്കല്‍അടിമയെ പിറകില്‍നടത്തി വാഹനത്തില്‍സഞ്ചരിക്കുന്ന യാത്രക്കാരനോട്‌ അബൂഹുറയ്‌റ പറഞ്ഞു: "നിന്റെ പിറകില്‍അവനെയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേതുപോലുള്ള ആത്മാവ്‌ അവനുമുണ്ട്‌." ഈവിധം അടിമയ്ക്ക്‌ സമൂഹത്തില്‍മാന്യമായ പദവിയും അംഗീകാരവും പരിഗണനയും നല്‍കി അവന്റെ അവകാശങ്ങള്‍ സംരക്ഷിച്ച ഇസ്ലാം അവനോടുള്ള അനീതിയെയും അതിക്രമത്തെയും കൊടിയ കുറ്റമായി കണക്കാക്കുകയുണ്ടായി. അതോടൊപ്പം അടിമയുടെ ബാധ്യതകളിലും ശിക്ഷകളിലും ഗണ്യമായ ഇളവനുവദിക്കുകയും ചെയ്തു.


2. ഇസ്ലാം അടിമത്തത്തെ ഒരടിസ്ഥാനമായി അംഗീകരിക്കുന്നില്ല. അന്തിമമായി അതിനറുതിവരുത്താനുള്ള നടപടികളാണ്‌ അത്‌ സ്വീകരിച്ചത്‌. അടിമത്ത മോചനത്തിന്‌ വമ്പിച്ച പ്രാധാന്യം നല്‍കി. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ എന്തുകൊണ്ട്‌ ദുര്‍ഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ്‌ ആ ദുര്‍ഘട മാര്‍ഗമെന്ന്‌ നിനക്കറിയാമോ? അടിമയുടെ മോചനമാണത്‌" (90: 11-13). ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത്‌ അടിമകളുടെ മോചനത്തിനുവേണ്ടിയാണ്‌ (9: 60). തന്റെ ഉടമസ്ഥതയിലുള്ള അടിമയെ മോചിപ്പിക്കലും മറ്റുള്ളവരുടെ വശമുള്ളവരെ വാങ്ങി മോചിപ്പിക്കലും ഇസ്ലാം നിശ്ചയിച്ച അടിമമോചന മാര്‍ഗങ്ങളത്രെ. അതനുസരിച്ചാണ്‌ നബിതിരുമേനിയും അവിടത്തെ അനുചരന്‍മാരും തങ്ങളുടെ കീഴിലുണ്ടായിരുന്ന അടിമകളെ മോചിപ്പിച്ചത്‌. അബൂബക്ര് സ്വിദ്ദീഖിനെപ്പോലുള്ള സഹൃദയര്‍ സമ്പത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചത്‌ അടിമകളെ വാങ്ങി മോചിപ്പിക്കാനാണ്‌. പത്തുപേര്‍ക്ക്‌ എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കുന്ന അടിമകളെ പ്രവാചകന്‍ മോചിപ്പിച്ചിരുന്നു.


പല പാപങ്ങള്‍ക്കും ഇസ്ലാം നിശ്ചയിച്ച പ്രായശ്ചിത്തങ്ങളില്‍പ്രഥമവും പ്രധാനവും അടിമകളെ മോചിപ്പിക്കലാണ്‌. "ആരെങ്കിലും ഒരു വിശ്വാസിയെ വധിക്കാനിടയായാല്‍പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കണം. കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ നഷ്ടപരിഹാരം വിട്ടുകൊടുത്താലൊഴികെ" (4: 92).


ശപഥലംഘനം, വ്രതമനുഷ്ഠിക്കവെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ലൈംഗികബന്ധം പുലര്‍ത്തല്‍പോലുള്ള അപരാധങ്ങളുടെ പ്രായശ്ചിത്തവും അടിമകളെ മോചിപ്പിക്കലത്രെ. ഇങ്ങനെ അടിമത്ത മോചനത്തിന്‌ ഇസ്ലാം വിവിധ മാര്‍ഗങ്ങള്‍ നിശ്ചയിച്ചു. പരലോകത്ത്‌ അതിമഹത്തായ പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തില്‍സംഭവിച്ചപോലെ വിപുലവും വ്യാപകവുമായ നിലയില്‍അടിമകള്‍ വിമോചിതരായ മറ്റൊരു കാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടില്ല.
മോചനപത്രമെഴുതി സ്വാതന്ത്ര്യം നേടാനും ഇസ്ലാം അവസരമൊരുക്കി. അതനുസരിച്ച്‌ അടിമയും യജമാനനും യോജിച്ചു തീരുമാനിക്കുന്ന മൂല്യം നിശ്ചയിച്ച്‌ സ്വാതന്ത്ര്യം നേടാന്‍ അടിമകള്‍ക്ക്‌ സാധിക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍സ്വാതന്ത്ര്യം നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്‌. അതിലിടപെടാനോ കരാര്‍ നിരാകരിക്കാനോ അയാള്‍ക്ക്‌ അവകാശമില്ല. മോചനപത്രമെഴുതുന്ന നിമിഷം മുതല്‍അടിമ അടിമയല്ലാതായി, കൂലിപ്പണിക്കാരന്റെ സ്ഥാനത്തെത്തുന്നു. പിന്നീട്‌ ചെയ്യുന്ന ജോലിക്ക്‌ പ്രതിഫലമുണ്ടാവുകയും അത്‌ മോചനമൂല്യമായി മാറുകയും ചെയ്യുന്നു. മറ്റു തൊഴിലുകളിലൂടെ പണമുണ്ടാക്കി മോചനമൂല്യം ശേഖരിക്കാനും അയാള്‍ക്കവകാശമുണ്ടായിരിക്കും. ഇത്തരമൊരു വ്യവസ്ഥ യൂറോപ്പില്‍അംഗീകരിക്കപ്പെട്ടത്‌ പതിനാലാം നൂറ്റാണ്ടില്‍മാത്രമാണെന്നത്‌ പ്രത്യേകം പ്രസ്താവ്യമത്രെ.
ഇങ്ങനെ വിവിധ വിധേന മോചനം നേടിയ അടിമകള്‍ ഇസ്ലാമിക ചരിത്രത്തില്‍മഹത്തായ സ്ഥാനമലങ്കരിക്കുകയും ഭരണംവരെ കൈയാളുകയുമുണ്ടായി. ബിലാലുബ്നു റബാഹിനെപ്പോലെ അതുല്യമായ പദവിയിലെത്തിയവരും അവരിലുണ്ട്‌.


3. അടിമകള്‍ തലമുറ തലമുറകളായി തുടരുന്ന അവസ്ഥക്ക്‌ ഇസ്ലാം അറുതി വരുത്തി. യജമാനന്‌ അടിമസ്ത്രീയില്‍കുട്ടികളുണ്ടായാല്‍അവര്‍ യജമാനന്റെ കുട്ടികളായാണ്‌ പരിഗണിക്കപ്പെടുകയെന്നും മറ്റു മക്കളെപ്പോലെ തന്നെ പൂര്‍ണാവകാശമുള്ള സ്വതന്ത്രരായ പൗരന്‍മാരായിരിക്കുമെന്നും ഇസ്ലാം പ്രഖ്യാപിച്ചു. അതോടൊപ്പം യജമാനന്റെ മരണത്തോടെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായിത്തീരുമെന്നും അത്‌ വിളംബരം ചെയ്തു. അതോടൊപ്പം യജമാനന്‍മാര്‍ തങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളെ വേശ്യാവൃത്തിക്കുപയോഗിച്ച്‌ വരുമാനമുണ്ടാക്കുന്ന അത്യന്തം നീചമായ സമ്പ്രദായത്തിന്‌ പൂര്‍ണമായും അറുതിവരുത്തുകയും ചെയ്തു.


4. ക്രമപ്രവൃദ്ധമായി അടിമത്തം അവസാനിപ്പിക്കാനാവശ്യമായ സമീപനം സ്വീകരിച്ച ഇസ്ലാം അത്‌ പൂര്‍ണമായും നിരോധിക്കാതിരുന്നത്‌ അനിവാര്യമായ കാരണങ്ങളാലാണ്‌. യുദ്ധത്തിലൂടെയല്ലാതെ അടിമകളുണ്ടാവുന്ന എല്ലാ വഴികളും അത്‌ പൂര്‍ണമായും കൊട്ടിയടച്ചു. നബിതിരുമേനിയുടെ നിയോഗകാലത്ത്‌ യുദ്ധത്തടവുകാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌. ദീര്‍ഘകാലം ഇതേ അവസ്ഥ തുടരുകയുണ്ടായി. ശത്രുരാഷ്ട്രവുമായി യുദ്ധമുണ്ടാകുമ്പോള്‍ അവര്‍ പിടികൂടുന്ന ഇസ്ലാമിക രാഷ്ട്രത്തിലെ പൗരന്‍മാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായം നിലനിന്നിരുന്ന സാഹചര്യത്തില്‍ഇസ്ലാമിക രാഷ്ട്രം പിടികൂടുന്ന ശത്രുരാഷ്ട്രത്തിലെ ബന്ദികളുടെ കാര്യത്തില്‍മറ്റൊരു നിലപാട്‌ സ്വീകരിക്കുക സാധ്യമോ പ്രായോഗികമോ ആയിരുന്നില്ല. എന്നിട്ടും യുദ്ധത്തടവുകാരെ വധിക്കുന്നത്‌ ഇസ്ലാം വിലക്കി. അവരെ വെറുതെ വിടുകയോ പ്രതിഫലം വാങ്ങി വിട്ടയക്കുകയോ ചെയ്യാമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്തു (47: 4).


യുദ്ധത്തടവുകാരെ മുഴുവന്‍ താമസിപ്പിക്കാന്‍ സൗകര്യമുള്ള സംവിധാനമില്ലാതിരുന്നതിനാല്‍ശത്രുരാഷ്ട്രങ്ങള്‍ ചെയ്ത പോലെത്തന്നെ ഇസ്ലാമിക രാഷ്ട്രവും അവരെ അടിമകളാക്കുകയാണുണ്ടായത്‌. ഇതേക്കുറിച്ച്‌ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മുഹമ്മദ്‌ ഖുത്വ്ബ്‌ എഴുതുന്നു: "യുദ്ധത്തടവുകാരുടെ കാര്യത്തില്‍ശത്രുപക്ഷം മറ്റൊരു രീതി സ്വീകരിക്കാന്‍ സന്നദ്ധമാവുന്നതുവരെ എന്ന്‌ അടിമത്ത സമ്പ്രദായത്തിന്‌ അവധി നിശ്ചയിച്ചു. മുസ്ലിം യുദ്ധത്തടവുകാര്‍ ഏകപക്ഷീയമായി അടിമത്തത്തിന്റെ ചളിക്കുണ്ടില്‍എറിയപ്പെടാതിരിക്കാന്‍വേണ്ടി മാത്രമാണത്‌. ഇവിടെ എടുത്തോതേണ്ട ഒരു പ്രധാന സംഗതിയുണ്ട്‌: 'വെറുതെയോ പ്രതിഫലം വാങ്ങിയോ വിട്ടയക്കുക' എന്ന യുദ്ധത്തടവുകാരെ പരാമര്‍ശിക്കുന്ന ഏക ഖുര്‍ആന്‍ വാക്യം ബന്ധനസ്ഥരെ അടിമകളാക്കുന്ന കാര്യം പറഞ്ഞിട്ടില്ല. അതൊരു ശാശ്വത നിയമമാവാതിരിക്കാന്‍ വേണ്ടിയാണത്‌. പ്രായശ്ചിത്തം വാങ്ങിയുള്ള മോചനത്തെപ്പറ്റി പറഞ്ഞു. പ്രതിഫലം കൂടാതെയുള്ള മോചനത്തെക്കുറിച്ചും പറഞ്ഞു. കാരണം, അവ രണ്ടുമാണ്‌ സമീപഭാവിയിലോ വിദൂരഭാവിയിലോ യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തില്‍മനുഷ്യരാശിക്കുവേണ്ടി ഇസ്ലാം പരിമിതപ്പെടുത്താനുദ്ദേശിക്കുന്ന ശാശ്വത രൂപങ്ങള്‍. അടിമത്ത സമ്പ്രദായം മുസ്ലിംകള്‍ സ്വീകരിച്ചത്‌ നിര്‍ബന്ധ സാഹചര്യത്തിന്റെ അനിവാര്യത നിമിത്തമായിരുന്നു. അല്ലാതെ ഖണ്ഡിതമായ ഒരിസ്ലാമിക വിധിക്കു വിധേയമായിട്ടായിരുന്നില്ല" (തെറ്റിദ്ധരിക്കപ്പെട്ട മതം - പുറം 62)
നബിതിരുമേനിയുടെ കാലത്ത്‌ യുദ്ധത്തടവുകാരുടെ കാര്യത്തില്‍പ്രധാനമായും അഞ്ചു സമീപനമാണ്‌ സ്വീകരിച്ചിരുന്നത്‌.

1 . ശത്രുക്കള്‍ ബന്ധനസ്ഥരാക്കിയ തടവുകാര്‍ക്കു പകരമായി തങ്ങളുടെ തടവുകാരെ അവര്‍ക്ക്‌ കൈമാറുക.

2 . പ്രതിഫലം സ്വീകരിച്ച്‌ മോചിപ്പിക്കുക. ബദ്ര്യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍മാത്രമേ ഈ സമീപനം സ്വീകരിച്ചുള്ളൂ. ഇസ്ലാമിക രാഷ്ട്രം ദരിദ്രവും തടവുകാര്‍ മക്കയിലെ സമ്പന്നരുമായിരുന്നതിനാലാകാം അവരില്‍നിന്ന്‌ പ്രതിഫലം സ്വീകരിച്ചത്‌.

3 . രാജ്യത്തിന്റെ ഭദ്രതയ്ക്ക്‌ ഹാനികരമല്ലെങ്കില്‍വെറുതെ വിടുക. ഹുനൈന്‍യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍നബിതിരുമേനി ഈ സമീപനമാണ്‌ സ്വീകരിച്ചത്‌. ബനൂമുസ്ത്വലഖ്‌ യുദ്ധത്തിലെ ബന്ദികളുടെ കാര്യത്തില്‍അവലംബിച്ച നയവും ഇതുതന്നെയായിരുന്നു.

4 . ശത്രുക്കള്‍ പിടികൂടുന്ന ഇസ്ലാമിക സമൂഹത്തിലെ പൗരന്‍മാരെ അടിമകളാക്കുന്നപോലെ മുസ്ലിംകളുടെ പിടിയില്‍പെടുന്ന തടവുകാരെയും അടിമകളാക്കി പട്ടാളക്കാര്‍ക്ക്‌ ഭാഗിച്ചുകൊടുക്കുക. അപ്പോഴും അവരോട്‌ മാന്യമായി പെരുമാറാനും തങ്ങള്‍ കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും താമസിക്കുന്നതുപോലുള്ള ഇടവും അവര്‍ക്ക്‌ നല്‍കാനും ശക്തമായി നിര്‍ദേശിക്കപ്പെട്ടിരുന്നു.

5 . മുസ്ലിംകള്‍ക്ക്‌ നിര്‍ബന്ധ പട്ടാള സേവനം നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍അതില്‍നിന്നൊഴിവാക്കപ്പെട്ട മതന്യൂനപക്ഷങ്ങള്‍ രാജ്യരക്ഷക്കായി നല്‍കേണ്ട ജിസ്‌യ സ്വീകരിച്ച്‌ തടവിലാക്കപ്പെടുന്നവരെയെല്ലാം സ്വതന്ത്രരാക്കുക.

നജ്‌റാനിലെ ക്രിസ്ത്യാനികളുടെ കാര്യത്തില്‍നബിതിരുമേനി സ്വീകരിച്ച സമീപനം ഇതായിരുന്നു. പില്‍ക്കാലത്ത്‌ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരികളവലംബിച്ച നയവും ഇതുതന്നെ.
യുദ്ധത്തടവുകാരെ അടിമകളാക്കുകയെന്നത്‌ അനിവാര്യമായ സാഹചര്യത്തില്‍അപൂര്‍വമായി മാത്രമവലംബിച്ച സമീപനമായിരുന്നു. അതൊരു സ്ഥിരം സമ്പ്രദായമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാം അടിമത്തംഅനുവദിച്ചുവെന്നത്‌ നിര്‍ബന്ധിത പരിതഃസ്ഥിതിയിലെ താല്‍ക്കാലിക സമീപനം മാത്രമത്രെ. മുഹമ്മദ്‌ ഖുത്വ്ബ്‌ എഴുതുന്നു: "ഒരടിസ്ഥാനമെന്ന നിലയ്ക്ക്‌ അടിമത്തത്തെ ഇസ്ലാം അംഗീകരിച്ചിട്ടില്ല. അടിമത്തമോചനത്തിനുവേണ്ടി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഇസ്ലാം നടത്തിയ ശ്രമം അതിനു തെളിവാണ്‌. അതിന്റെ ഉറവിടങ്ങള്‍ വറ്റിച്ചുകളയാന്‍ ഇസ്ലാം പരമാവധി ശ്രമിച്ചു. ഇസ്ലാമിന്‌ ഒറ്റയ്ക്ക്‌ തീരുമാനമെടുക്കാന്‍ വയ്യാത്ത, അതിന്റെ പിടിയിലൊതുങ്ങാത്ത ഒരു നിര്‍ബന്ധിത സാഹചര്യമുണ്ടായിരുന്നു. ഇസ്ലാമിന്‌ സ്വാധീനമില്ലാത്ത രാഷ്ട്രങ്ങളും ജനതകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്‌. അവര്‍ മുസ്ലിം യുദ്ധത്തടവുകാരെ അടിമകളാക്കി കഠോര ശിക്ഷയ്ക്കു വിധേയമാക്കി. അതിനാല്‍(അടിമകളോടുള്ള നീചമായ പെരുമാറ്റത്തിന്റെ കാര്യത്തിലൊഴിച്ച്‌, അടിമകളാക്കുകയെന്ന തത്ത്വത്തിലെങ്കിലും) തത്തുല്യമായ നയം സ്വീകരിക്കുവാനത്‌ നിര്‍ബന്ധിതമായി. അടിമത്ത സമ്പ്രദായം നിര്‍ത്തലാക്കാതിരിക്കുന്നതിന്‌ ഇസ്ലാമിനെ നിര്‍ബന്ധിച്ച ആ ഏക മാര്‍ഗം അവസാനിപ്പിക്കുവാന്‍ ലോകത്തിലെ ഇതര ശക്തികളുടെ സഹകരണം കൂടി ആവശ്യമായിരുന്നു. ആ സഹകരണം ലഭിക്കുന്ന നിമിഷത്തില്‍അസന്ദിഗ്ധമാംവിധം ഇസ്ലാം വ്യക്തമാക്കിയ അതിന്റെ മഹത്തായ സിദ്ധാന്തത്തിലേക്ക്‌ മടങ്ങുന്നതാണ്‌. എല്ലാവര്‍ക്കും സമത്വവും സ്വാതന്ത്ര്യവും എന്ന തത്ത്വത്തിലേക്ക്‌" (തെറ്റിദ്ധരിക്കപ്പെട്ട മതം- പുറം 64) ഇന്നും യുദ്ധത്തടവുകാരെ കുറ്റവാളികളായി കണ്ട്‌ തടവിലിടാറാണ്‌ പതിവ്‌. കാരാഗൃഹത്തിലെ ഇരുളടഞ്ഞ മുറിയില്‍തടവുപുള്ളിയായി കാലം കഴിക്കുന്നതിനെക്കാള്‍ പതിന്‍മടങ്ങ്‌ ഭേദം ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്ന എല്ലാ ഭൗതികാവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന സംവിധാനമായിരുന്നുവെന്നതാണ്‌ വസ്തുത. അടിമയെന്ന വിശേഷണം ഏറെ അരോചകമാണെങ്കിലും.

ഒരു സാമൂഹികഘടനയുടെ അവിഭാജ്യഭാഗമായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായത്തെ പെട്ടെന്നൊരുനാള്‍ നിയമം മൂലം നിരോധിക്കുന്നത്‌ ഫലപ്രദമല്ല. അടിമത്ത സമ്പ്രദായത്തെ അക്കാലത്ത്‌ കേവലം ഒരുത്തരവുകൊണ്ട്‌ അവസാനിപ്പിക്കുക സാധ്യമായിരുന്നില്ല. അത്തരമൊരു നടപടി ഉണ്ടായാലും പിറ്റേന്ന്‌ മുതല്‍സമൂഹം മുഴുവന്‍ അടിമകളെയും സാധാരണ സ്വതന്ത്ര പൗരന്‍മാരെപ്പോലെ സ്വീകരിക്കാന്‍ മാനസികമായി സന്നദ്ധമാവുകയില്ല. ഒരു സുപ്രഭാതത്തില്‍വിമോചിതരായ എല്ലാ അടിമകളുമായി സ്വതന്ത്രസമൂഹം സമഭാവനയോടെ പെരുമാറുമെന്ന്‌ പ്രതീക്ഷിക്കാവതല്ല. വിവാഹത്തിലേര്‍പ്പെടാനും മറ്റും ഇത്‌ വിഘാതം സൃഷ്ടിക്കും. വിമുക്ത അടിമകളുടെ ഒരു വര്‍ഗം രൂപംകൊള്ളലായിരിക്കും ഇതിന്റെ ഫലം. നേരത്തെ ലഭിച്ചുപോന്നിരുന്ന തൊഴിലും സംരക്ഷണവും ലഭിക്കാതെ ഈ വിഭാഗം കൊടിയ കെടുതികള്‍ക്കിരയാവുകയും ചെയ്യും. അബ്രഹാം ലിങ്കൺ അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്ത വ്യവസ്ഥ നിര്‍ത്തലാക്കിയപ്പോഴുണ്ടായ അനുഭവമിതിന്‌ സാക്ഷിയാണ്‌. അടിമകള്‍ സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാന്‍ മാനസികമായി സജ്ജമായിട്ടില്ലാതിരുന്നതിനാല്‍യജമാനന്‍മാരുടെ അടുത്തേക്ക്‌ തിരിച്ചുവന്ന്‌ തങ്ങളെ അടിമകളായി സ്വീകരിക്കാന്‍ അവരോട്‌ ആവശ്യപ്പെടുകപോലുമുണ്ടായി. അതിനാലാണ്‌ ഇസ്ലാം അടിമത്ത സമ്പ്രദായത്തിന്‌ അറുതിവരുത്താന്‍ ക്രമ പ്രവൃദ്ധവും വ്യവസ്ഥാപിതവുമായ മാര്‍ഗം അവലംബിച്ചത്‌.

മനുഷ്യശരീരത്തിന്റെ ചലനങ്ങളുടെ മേല്‍ഏര്‍പ്പെടുത്തപ്പെടുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍നാമെങ്ങനെ ജീവിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ നിയമമാണ്‌. ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള ആത്യന്തികമായ അധികാരാവകാശം ആര്‍ക്കാണെന്നത്‌ മനുഷ്യസ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ തോന്നിയപോലെ ജീവിക്കുന്ന സമൂഹം പൂര്‍ണമായും അരക്ഷിതവും അരാജകവുമായിരിക്കും. അതിനാല്‍സമൂഹത്തിന്റെ സുഗമമായ നിലനില്‍പിന്‌ നിയമം അനിവാര്യമാണ്‌. അത്‌ നിര്‍മിക്കാനുള്ള പരമാധികാരം കൈയടക്കിവയ്ക്കുന്നവര്‍ യജമാനന്‍മാരാണ്‌. അതിനു വിധേയരാവുന്നവര്‍ അടിമകളും. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കുമില്ലെന്ന പരമസത്യം അംഗീകരിക്കാത്ത എല്ലാവരും തങ്ങളെപ്പോലുള്ള മനുഷ്യരുടെ അടിമകളും ആജ്ഞാനുവര്‍ത്തികളുമത്രെ. ഈ സൂക്ഷ്മാര്‍ഥത്തില്‍നിയമനിര്‍മാണത്തിന്റെ പരമാധികാരം ഭരണകൂടത്തിന്‌ അംഗീകരിച്ചുകൊടുക്കുന്ന ആധുനിക സമൂഹങ്ങളൊക്കെയും അടിമ സമൂഹങ്ങളത്രെ. അവരെ സംബന്ധിച്ചേടത്തോളം യഥാര്‍ഥ മോചനം ഏറെ വിദൂരം തന്നെ. നിയമനിര്‍മാണത്തിന്റെ പരമാധികാരമോ സ്വേഛ മറ്റുള്ളവരുടെ മേല്‍അടിച്ചേല്‍പിക്കാന്‍ അനുവാദമോ ഇസ്ലാം ആര്‍ക്കും നല്‍കുന്നില്ല. സ്രഷ്ടാവിനുമാത്രമാണ്‌ പരമാധികാരം. ഭരണാധികാരികള്‍ അവന്റെ നിയമം നീതിപൂര്‍വം നടപ്പാക്കുന്നവര്‍ മാത്രമത്രെ. ഈജിപ്തിന്റെ ജേതാവും ആ രാജ്യത്തിന്റെ പ്രഥമ മുസ്ലിം ഗവര്‍ണറുമായ അംറുബ്നുല്‍ആസ്വിന്റെ മകന്‍ ഒരു സാധാരണക്കാരനെ അന്യായമായി അടിച്ചതായി പരാതി ലഭിച്ചപ്പോള്‍ ഖലീഫാ ഉമറുല്‍ഫാറൂഖ്‌ പ്രതികാരം നടപ്പിലാക്കിയശേഷം ഗവര്‍ണറോട്‌ ചോദിച്ചതിതായിരുന്നു: "അംറേ, നിങ്ങളെപ്പോഴാണ്‌ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്‌? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത്‌." അടിമത്തത്തെ സംബന്ധിച്ച ഇസ്ലാമിക സമീപനത്തിന്റെ അന്തസ്സത്ത എന്തെന്ന്‌ ഉമറുല്‍ഫാറൂഖിന്റെ ഈ ചോദ്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. യഥാര്‍ഥ വിമോചനം ഉദ്ഘോഷിക്കുന്ന ഇസ്ലാം ചരിത്രത്തിലറിയപ്പെടുന്നതുപോലുള്ള അടിമത്തവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല.
കടപ്പാട് : jihkerala.org